സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

  • ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

പൊതു നിര്‍ദ്ദേശങ്ങള്‍

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  • ജനലും വാതിലും അടച്ചിടുക.
  • ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
  • ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
  • കഴിയുന്നത്ര വീടിനകത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വീടിനു പുറത്താണെങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
  • വാഹനത്തിനുള്ളില്‍ ആണെങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
  • പട്ടം പറത്തുവാന്‍ പാടില്ല.
  • തുറസായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്.
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More