കത്തോലിക്കാ സന്യാസിനിമാരെ അവഹേളിക്കാനും കള്ളക്കേസിൽ കുടുക്കാനും നടന്ന ശ്രമം നിന്ദ്യവും അപലപനീയവുമാണെന്ന് കെ സി വൈ എം തോണിച്ചാൽ
ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കത്തോലിക്കാ സന്യാസിനിമാരെ അവഹേളിക്കാനും കള്ളക്കേസിൽ കുടുക്കാനും നടന്ന ശ്രമം തികച്ചും നിന്ദ്യവും അപലപനീയവുമാണ്. എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളികൾ ഉൾപ്പെടെയുള്ള നാലു സന്യാസിനിമാർക്കാണു ബജരംഗ്ദൾ പ്രവർത്തകരുടെയും പോലീസിന്റെയും ഭാഗത്തുനിന്നു ദുരനുഭവം നേരിട്ടത്. ഒഡീഷയിൽനിന്നുള്ള രണ്ടു യുവ സന്യാസാർഥിനികളെ അവധിക്കു നാട്ടിലാക്കാൻ ഡൽഹിയിൽനിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു മതപരിവർത്തന ആരോപണമുയർത്തി ട്രെയിനിലെ ആക്രമണശ്രമം. മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും അവഹേളനങ്ങളും ആക്രമണങ്ങളും തുടരുന്നതു വലിയ നടുക്കവും ആശങ്കയും ഉളവാക്കുന്നു.തങ്ങൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരാനും അതു പ്രചരിപ്പിക്കാനും ഭരണഘടന പൗരന്മാർക്ക് അവകാശം നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഉന്നത നീതിപീഠങ്ങൾ ഈ അവകാശം ശരിവച്ചിട്ടുള്ളതുമാണ്. എന്നിട്ടും ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തങ്ങൾ രാജ്യസ്നേഹികളാണെന്നും രാജ്യത്തിന്റെ നിയമങ്ങളൊന്നും തങ്ങൾ ലംഘിക്കുന്നില്ലെന്നും ബോധ്യപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് കെ സി വൈ എം തോണിച്ചാൽ പ്രസിഡന്റ് അജയ് മുണ്ടക്കൽ പറഞ്ഞു. ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര, യൂണിറ്റ് കോർഡിനേറ്റർ നിതിൻ തകരപ്പള്ളി എന്നിവർ സംസാരിച്ചു. ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് അധ്യക്ഷത വഹിച്ചു.
Comments are closed.