കല്‍പ്പറ്റയിലെ മത്സ്യ- മാംസ മാര്‍ക്കറ്റ് നവീകരണം അവസാനഘട്ടത്തില്‍; ഈ മാസം തുറക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍
കല്‍പ്പറ്റ: നഗര മധ്യത്തിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് ഈ മാസം തുറക്കുമെന്ന് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്. മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് അടക്കം പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി പ്ലംബിംഗ്, വയറിംഗ് ജോലികളാണ് പൂര്‍ത്തിയാക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിഷുവിന് ശേഷം പണികള്‍ എല്ലാം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി മാര്‍ക്കറ്റ് തുറക്കും. 11 മത്സ്യ സ്റ്റാളുകളും 7 ഇറച്ചി സ്റ്റാളുകളുമടക്കം 18 സ്റ്റാളുകളാണ് മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. നവീകരണ പ്രവൃത്തികള്‍ക്കായി അടച്ച മാര്‍ക്കറ്റ് ഉടന്‍ തുറക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ എത്തിയിരുന്നു. മാര്‍ക്കറ്റ് തുറക്കാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.
മലിനജലം ഓടയിലേക്ക് ഒഴുക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിണങ്ങോട് റോഡരികിലെ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് നഗരസഭ മുഴുവന്‍ വ്യാപാരികളെയും ഇവിടെ നിന്ന് ഒഴിപ്പിച്ച് ബൈപ്പാസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ തന്നെ മറ്റൊരു മാര്‍ക്കറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരമുള്ളതിനാല്‍ മത്സ്യവും ഇറച്ചിയും വാങ്ങാന്‍ ആളുകളെത്തുന്നത് കുറവായിരുന്നു. കച്ചവടം തീര്‍ത്തും കുറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെടാതെ വന്നതോടെ പലരും കടകള്‍ അടച്ചുപൂട്ടി പോവുകയും ചെയ്തു. ബൈപ്പാസിനരികിലെ മാര്‍ക്കറ്റിലേക്ക് ആളുകള്‍ എത്താത്തതിനാല്‍ കച്ചവടക്കാരുടെ ജീവിതമാര്‍ഗം തന്നെ വഴിമുട്ടുമെന്ന അവസ്ഥയിലായിരുന്നു. പണി പുരോഗമിക്കുന്നതിനിടയില്‍ ലോക്ക്ഡൗണ്‍ വന്നതോടെ പണി മുടങ്ങിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പണി പൂര്‍ത്തിയാക്കാനായിരുന്നു ശ്രമം. എന്നാല്‍ ലോക്കാഡൗണ്‍ വന്നത് തടസ്സമായി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരത്തിലേറിയിട്ടും പണികള്‍ വേഗത്തില്‍ പുരോഗമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ മാസത്തോടെ മാര്‍ക്കറ്റ് തുറന്നാല്‍ കച്ചവടക്കാര്‍ക്ക് വലിയ ആശ്വാസമാകും
Comments are closed.