ഒക്ടോബര്‍ 2,3 തീയതികളിലെ ക്ലീന്‍ ഓഫീസ് ഡ്രൈവ് വിജയിപ്പിക്കുക: മന്ത്രി

ഒക്ടോബര്‍ 2,3 തീയതികളിലെ ക്ലീന്‍ ഓഫീസ് ഡ്രൈവ് വിജയിപ്പിക്കുക: മന്ത്രി

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികാര വികേന്ദ്രീകരണ പ്രക്രിയ, ഗാന്ധിജിയുടെ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കണം. ഗ്രാമസ്വരാജിന്റെ പ്രയോക്താവ് കൂടിയായ രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പരിപാടി വിജയിപ്പിക്കാന്‍ ഏവരും മുന്നോട്ടുവരണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നിന്നും പഴകിയതും ഉപയോഗശൂന്യമായതും ജനങ്ങള്‍ക്ക് ഇടപഴകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്തുക്കളും കടലാസുകളും മറ്റും നീക്കം ചെയ്യണം. മാറാലകള്‍ കെട്ടികിടക്കുന്ന അവസ്ഥ ഒരു ഓഫീസിലും ഉണ്ടാവാന്‍ പാടില്ല. ഓഫീസിലുള്ളതുകൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ശൗച്യാലയങ്ങളും ശുചീകരിക്കണം.

ഫര്‍ണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടിയും മാറാലയും വൃത്തിയാക്കണം. അനിവാര്യമായ അറ്റകുറ്റപ്പണികളും ഈ അവസരത്തില്‍ നടത്തണം. ഓഫീസുകളുടെ പരിസരങ്ങളിലുള്ള കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.

 

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More