നെടുംതന, കക്കേരി കോളനികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
· കൈവശരേഖ വിതരണ നടപടികള്‍ വേഗത്തിലാക്കും
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെടുംതന, കക്കേരി കോളനികള്‍ ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. വനാവകാശ നിയമപ്രകാരം കൈവശ രേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. കക്കേരി,നെടുംതന കോളനിയില്‍ നിന്ന് 111 അപേക്ഷകളാണ് കൈവശ രേഖ അനുവദിക്കുന്നതിനായി പരിഗണിക്കുന്നത്. കൈവശ രേഖ ഇല്ലാത്തതിനാല്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും കുടുംബങ്ങള്‍ ആശങ്ക പങ്കുവെച്ചു. സബ് ഡിവിഷന്‍ കമ്മറ്റി കൂടി രണ്ടുമാസത്തിനകം പരിഹാര നടപടികള്‍ ഉണ്ടാകുമെന്ന് കളക്ടര്‍ കോളനിവാസികള്‍ക്ക് ഉറപ്പുനല്‍കി.
കാട്ടുനായ്ക, പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ ഏറെയുളള നെടുംതന, കക്കേരി കോളനികളില്‍ ചൊവ്വാഴ്ച്ചയാണ് ജില്ലാ കളക്ടര്‍ എത്തിയത്. ഒന്നര മണിക്കൂറോളം ഇവിടെ ചെലവിട്ട കളക്ടര്‍ കോളനിവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. കക്കേരി കോളനിയില്‍ കാലവര്‍ഷകെടുതിയില്‍ വീടു നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിലെന്ന കാര്യം അവര്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രദേശത്തെ വന്യമൃഗശല്യം, വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഉപകരണങ്ങളുടെ ലഭ്യതകുറവ് തുടങ്ങിയ പ്രശ്‌നങ്ങളും ബോധിപ്പിച്ചു. ഇക്കാര്യങ്ങളിലെല്ലാം പരിഹാര നടപടികള്‍ ഉണ്ടാക്കുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചും ജില്ലാ കളക്ടര്‍ അവരെ ബോധവല്‍ക്കരിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ടി.ഡി.ഒ സി. ഇസ്മയില്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.നജുമുദ്ധീന്‍, വില്ലേജ് ഓഫീസര്‍ പി.എസ്. സ്വപ്ന എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോളനി യില്‍ നടത്തുന്ന പഠന മുറിയും സന്ദര്‍ശിച്ച ശേഷമാണ് കളക്ടര്‍ മടങ്ങിയത്.
Comments are closed.