കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം
കൽപ്പറ്റ: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. കൽപ്പറ്റ പുഴമുടി പടപുരം കോളനിയിൽ അജിയുടെ ഭാര്യ മായ (26) യാണ് വീട്ടിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മായയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരം മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് ഇവർ സ്ഥലത്തെത്തുകയും മായയെ ആശുപത്രിയിലേക്ക് മാറ്റാൻ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ അത്യാഹിത സന്ദേശം കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. വിവരത്തിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് പൈലറ്റ് ഷാബിൻ പി.സി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യ തോമസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. വാഹനം എത്തിപ്പെടാൻ കഴിയാത്ത സ്ഥലമായതിനാൽ ഒരു കിലോമീറ്ററോളം സ്‌ട്രെച്ചറുമായി നടന്നാണ് ആംബുലൻസ് സംഘം മായയുടെ അടുത്ത് എത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യ നടത്തിയ പരിശോധനയിൽ മായയെ പ്രസവം എടുക്കാതെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ല എന്ന് മനസിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 12.30ന് ധന്യയുടെ പരിചരണത്തിൽ മായ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും ധന്യ പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ കൂടെ സഹായത്തോടെ സ്‌ട്രെച്ചറിൽ മായയെയും കുഞ്ഞിനേയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ ഇരുവരെയും ആംബുലൻസ് പൈലറ്റ് ഷാബിൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Comments are closed.