പാരിസ്ഥിതിക ചർച്ചകളുമായി കാലാവസ്ഥാ വ്യതിയാന അസംബ്ലിയിൽ കുട്ടികളും യുവാക്കളും ഒത്തുചേരുന്നു

തിരുവനന്തപുരം: പാരിസ്ഥിതിക അവബോധത്തിന്റെ പുതുബോധ്യങ്ങൾ സംസ്ഥാനത്തെ കുട്ടികൾക്കും യുവജനങ്ങൾക്കും പകരാനുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാന നിയമസഭയും യുനിസെഫും പങ്കാളികളാകുന്നു.


കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകൾ ചർച്ചാവിഷയമാകുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥാ അസംബ്ലി ‘നാമ്പ് ‘ എന്ന പേരിൽ ജൂൺ ആറാം തീയ്യതി സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കും. ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് നേതൃത്വം നൽകുന്ന കാലാവസ്ഥാ അസംബ്ലി പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം, റവന്യു (ദുരന്ത നിവാരണം) , ആരോഗ്യം, തദ്ദേശ സ്വയംഭരണം, വനിതാ ശിശു വികസന വകുപ്പുകളുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്‌ളൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.
നവകേരള യുവതയുടെ പാരിസ്ഥിതിക ബോധ്യങ്ങൾ കൂടുതൽ ദീപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലാവസ്ഥാ അസംബ്ലി സംഘടിപ്പിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. കുട്ടികൾക്കും യുവജനങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് സംവദിക്കാനും മനസ്സിലാക്കാനും അസംബ്ലിയിലൂടെ വേദിയൊരുങ്ങും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങളും തുടർ നടപടികളും ചർച്ച ചെയ്യുന്നതിന് വിവിധ തലങ്ങളിൽ വേദിയുണ്ടാകുക എന്നത് സുപ്രധാനമാണ്. ഇത്തരം വേദി ആഴത്തിലുള്ള പഠനം, ചർച്ച, വിശകലനം എന്നിവ ത്വരിതപ്പെടുത്തും. കാലാവസ്ഥാ അസംബ്ലിക്കു ശേഷം നടത്താൻ ആലോചിക്കുന്ന ജില്ലാതല അസംബ്ലികൾ സംസ്ഥാന വ്യാപകമായി ഇത്തരം അറിവും ബോധ്യവും കൂടുതൽ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസംബ്ലിയുടെ ലോഗോ, ഭാഗ്യചിഹ്നം എന്നിവയും സ്പീക്കർ പ്രകാശനം ചെയ്തു. ഭൂഗോളത്തിന് മുകളിലിരിക്കുന്ന കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലാണ് അസംബ്ലിയുടെ ഭാഗ്യചിഹ്നം. ആഗോളദിനാചരണത്തിന്റെ ഈ വർഷത്തെ മുദ്രാവാക്യമായ ‘ഒരേ ഒരു ഭൂമി ‘എന്നതാണ് അസംബ്ലിയുടെയും മുദ്രാവാക്യം.
ആഗോള തലത്തിൽ കാലാവസ്ഥാ വ്യതിയാനം ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ ഉൾക്കൊണ്ട് സാമൂഹിക പിന്തുണയോടെയുളള നടപടികൾ കേരളം സ്വീകരിച്ചുവരുന്നതായി യുനിസെഫ് കേരളാ തമിഴ്‌നാട് ഓഫിസ് സോഷ്യൽ പോളിസി ചീഫ് കെ. എൽ. റാവു പറഞ്ഞു. സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രവർത്തനങ്ങളും ദുരന്ത ലഘൂകരണ നടപടികളും ശക്തിപ്പെടുത്താനായുളള കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥാ അസംബ്ലിക്ക് പിന്തുണ നൽകുന്നതിൽ യുനിസെഫിന് സന്തോഷമുണ്ട്. നയരൂപീകരണം നടത്തുന്നവർ, അക്കാദമിക രംഗത്തുള്ളവർ, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലകളിൽ പ്രവർത്തിക്കുന്നവർ, യുവജനങ്ങൾ തുടങ്ങിയവരുടെ അർത്ഥവത്തായ സംവാദങ്ങളിലൂടെ തുടർനടപടികൾ നിർദേശിക്കുന്ന തരത്തിലാണ് അസംബ്ലി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അസംബ്ലിയിൽ പങ്കെടുക്കുന്നവരെല്ലാം ആരോഗ്യകരവും സുസ്ഥിരവുമായ പരിസ്ഥിതി എന്ന അവകാശം സംരക്ഷിക്കുന്നതിനായുള്ള സത്വര നടപടികൾക്കായി കൈ കോർക്കണം. കേരള ഗവൺമെന്റ് നേതൃത്വം നൽകുന്ന കാലാവസ്ഥാ നടപടികളെ പിന്തുണയ്ക്കാൻ യുനിസെഫ് സന്നദ്ധമാണെന്നും റാവു കൂട്ടിച്ചേർത്തു.
പാരിസ്ഥിതിക വിഷയങ്ങളിലുള്ള അവബോധവും ഈ മേഖലയിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളും വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാലാവസ്ഥാ അസംബ്ലി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ആശയങ്ങൾക്ക് രൂപം നൽകുകയോ പ്രവർത്തന മികവ് കാട്ടുകയോ ചെയ്തിട്ടുള്ള കുട്ടികളെയും യുവാക്കളെയും അസംബ്ലി ഒരുമിച്ച് ചേർക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്ര- സാമൂഹിക- സാമ്പത്തിക മാനങ്ങളും ഓരോ തലങ്ങളിലും സ്വീകരിക്കാവുന്ന നടപടികളും അസംബ്ലി ചർച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ഐപിസിസി റിപ്പോർട്ടുകളും അനുബന്ധ പ്രവർത്തനങ്ങളും തുടങ്ങിയ വിഷയങ്ങളിൽ നടത്തുന്ന ഓപ്പൺ ഹൗസ് ചർച്ചകളും അസംബ്ലിയുടെ ഭാഗമാണ്. പാരിസ്ഥിതിക രംഗത്തെ വിജയമാതൃകകളും നൂതനസംരഭങ്ങളും ഉൾപ്പെടുത്തിയുള്ള വൈജ്ഞാനിക കേന്ദ്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
കാലാവസ്ഥാ അസംബ്ലിയിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ക്വിസ്, മൊബൈൽ ഫോൺ ഫൊട്ടോഗ്രാഫി മത്സരങ്ങൾ നടത്തും. 14 മുതൽ 18 വരെ പ്രായമുള്ളവർക്കായി ക്വിസ് മത്സരവും 19-24 പ്രായപരിധിയിലുള്ളവർക്കായി മൊബൈൽ ഫൊട്ടോഗ്രഫി മത്സരവും നടത്തിയാണ് കാലാവ അസംബ്ലിയിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത്. ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ http://keralaclimateassembly2022.org/ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് ഈ മാസം 20 മുതൽ റജിസ്റ്റർ ചെയ്യാം. മത്സരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതേ ദിവസം മുതൽ വെബ്‌സൈറ്റിൽ ലഭ്യമാകും.
കാലാവസ്ഥാ അസംബ്ലിയിൽ പൊതുജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാം. ഇതിനായുള്ള ലിങ്കുകൾ മേൽപ്പറഞ്ഞ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കും. മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിനായി അയക്കുന്ന ഫോട്ടോകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ ചേർത്തുള്ള ഫോട്ടോ പ്രദർശനവും അസംബ്ലി വേദിയിൽ നടക്കും. കാലാവസ്ഥാ അസംബ്ലിക്ക് മുന്നോടിയായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വിവിധ സൈക്കിളിംഗ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ നഗരത്തിൽ സൈക്കിൾ റാലിയും നടത്തും.
പത്രസമ്മേളനത്തിൽ സ്പീക്കർ എം.ബി.രാജേഷ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ, യുനിസെഫ് ഡിസാസ്റ്റർ റിസ്‌ക്ക് ആൻഡ് റിസീലീയൻസ് ഓഫിസർ ഡോ.മഹേന്ദ്ര രാജാറാം എന്നിവർ പങ്കെടുത്തു.

കേരള കാലാവസ്ഥാ അസംബ്‌ളിയുടെ ലോഗോ, ഭാഗ്യ ചിഹ്നം എന്നിവ സ്പീക്കർ എം.ബി.രാജേഷ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പ്രകാശനം ചെയ്യുന്നു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ , യുനിസെഫ് ഡിസാസ്റ്റർ റിസ്‌ക്ക് ആൻഡ് റിസീലീയൻസ് ഓഫിസർ ഡോ.മഹേന്ദ്ര രാജാറാം എന്നിവർ എന്നിവർ സമീപം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More