ചൈനയില്‍ നിന്നും കൊറോണയുമായി മഞ്ഞ പൊടിക്കാറ്റ് വരുന്നു; പുറത്തിറങ്ങരുതെന്ന് ഉത്തര കൊറിയ

ചൈനയില്‍ നിന്നുള്ള യെല്ലോ ഡസ്റ്റ് കൊറോണ വൈറസ് വാഹകരാണെന്ന ഭയത്തില്‍ അയല്‍രാജ്യമായ ഉത്തര കൊറിയ. യെല്ലോ ഡസ്റ്റിനെ നേരിടാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നുമാണ് നിര്‍ദേശം. എല്ലാ വര്‍ഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളില്‍ നിന്നു പ്രത്യേക ഋതുക്കളില്‍ വീശിയടിക്കുന്ന മണല്‍ക്കാറ്റാണ് യെല്ലോ ഡസ്റ്റ്.

സര്‍ക്കാര്‍ നിയന്ത്രിത ചാനലും പത്രവുമാണ് ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിയത്. പൊടിക്കാറ്റ് സൂക്ഷ്മജീവികളെ വഹിച്ചേക്കാം എന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. പുറത്തുപോകേണ്ടി വരുന്നവര്‍ വ്യക്തിശുചിത്വം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു. ലോകമാകെ കോവിഡ് വ്യാപനം തുടരുന്നതിനാല്‍‌ യെല്ലോ ഡസ്റ്റിനെതിരെ മുന്‍കരുതല്‍ വേണമെന്ന് പാര്‍ട്ടി പത്രം റോഡോങ് സിന്‍മന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 1900 കിലോമീറ്റര്‍ അകലെയുള്ള ചൈനയിലെ ഗോബി മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റ് കൊറോണ വൈറസ് വാഹകരാണെന്ന ഉത്തര കൊറിയയുടെ വാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഒറ്റ കോവിഡ് കേസ് പോലും ഉത്തര കൊറിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് രാജ്യം അവകാശപ്പെടുന്നത്. ജനുവരി മുതല്‍ അതിര്‍ത്തി അടച്ചും ക്വാറന്‍റൈന്‍ ഉറപ്പാക്കിയുമൊക്കെയാണ് കോവിഡിനെ അകറ്റിനിര്‍ത്തിയതെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു.

എല്ലാ വർഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളിൽ നിന്ന യെല്ലോ ഡസ്റ്റ് എന്ന മണല്‍ക്കാറ്റ് വീശയടിക്കാറുണ്ട്. ഉത്തര, ദക്ഷിണ കൊറിയകളില്‍ ഈ കാറ്റ് എത്താറുമുണ്ട്. വ്യാവസായിക മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്തരീക്ഷത്തിലെ വിഷവസ്തുക്കളുമായി മണൽത്തരികൾ കൂടിക്കലർന്ന് മഞ്ഞനിറമാകുന്നതിനാലാണ് യെല്ലോ ഡസ്റ്റ് എന്ന പേര് വന്നത്. യെല്ലോ ഡസ്റ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More