കൊവിഡ് മുക്തരായവര്‍ തുടര്‍ന്നും വൈറസ് വാഹകരാകാന്‍ സാധ്യത

അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പുതിയ പഠന റിപ്പോര്‍ട്ട്

അമേരിക്ക: ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പുതിയ പഠന റിപ്പോര്‍ട്ട്. കൊവിഡ് മുക്തരായവരില്‍ ചിലര്‍ തുടര്‍ന്നും വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ രോഗ മുക്തി നേടിയവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രോഗമുക്തിയുടെ ആദ്യ ദിനങ്ങളില്‍ മറ്റുളളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഠനവിധേയമാക്കിയ കൊവിഡ് ഭേദമായവരില്‍ 17 ശതമാനം പേര്‍ പിന്നീട് നടത്തിയ പരിശോധനയില്‍ വീണ്ടും പോസിറ്റീവായ സാഹചര്യം ഉണ്ടായിട്ടുണ്ട്. കോവിഡ് ഭേദമായ ശേഷവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോ, കടുത്ത തൊണ്ട വേദനയോ അനുഭവപ്പെടുന്നവര്‍ക്ക് പരിശോധനയില്‍ വീണ്ടും പോസിറ്റീവ് ആകാനുളള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ രോഗമുക്തിക്ക് ശേഷവും ഈ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവര്‍ ഇതിനെ നിസാരമായി കാണരുത്. ജാഗ്രതയോടെ സ്വയം നിരീക്ഷണത്തിന് തയ്യാറാവണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രോഗമുക്തി നേടിയവര്‍ കുറെനാള്‍ സ്വയം നിരീക്ഷണത്തിന് തയ്യാറാകേണ്ടത് അനിവാര്യമാണെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രോഗമുക്തി നേടിയവര്‍ വീണ്ടും പോസിറ്റീവ് ആകുന്നതിലും നെഗറ്റീവ് ആകുന്നതിലും പ്രായം, ലിംഗം എന്നിവയുമായി യാതൊരുവിധ ബന്ധവുമില്ല. വീണ്ടും രോഗം പിടിപെട്ടവരില്‍ പനി ലക്ഷണങ്ങള്‍ കുറവാണ്. തൊണ്ടവേദനയും മൂക്കുമായി ബന്ധപ്പെട്ട റിനിറ്റിസ് അലര്‍ജിയുമാണ് കൂടുതലായി കണ്ടുവരുന്നതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More