കൊവിഡ് വാക്‌സിന്‍: ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന തലവന്‍

കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ലോക നന്മയ്ക്കു വേണ്ടി കൊവിഡ് വാക്‌സിനായ കൊവാക്‌സ് ഉത്പാദിപ്പിനു വേണ്ടിയുള്ള തീവ്രമായ പ്രതിബദ്ധതയില്‍ നന്ദി പറയുന്നുവെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു.

കൊവിഡ് മഹാമാരി ലോകത്തിന് ആകെ പ്രവചിക്കാനാവാത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അത് അവസാനിപ്പിക്കാന്‍ നാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം- ടെഡ്രോസ് പറയുന്നു. മോഡിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നുവെന്നും  ബന്ധം ശക്തമാക്കുന്നതിലും പരമ്പരാഗത മരുന്നുകളെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിലും അവയുടെ ഗവേഷണവും  പരിശീലനവും സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്നും ടെഡ്രോസ് പറഞ്ഞു.

കൊവിഡ് 19 മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഡബ്ല്യൂ.എച്ച്.ഒയുടെ സുപ്രധാന പങ്കിനെ മോഡി പ്രശംസിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മറ്റ് രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് നിര്‍ദേശിച്ച മോഡി, വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനത്തില്‍ സംഘടനയുടെ പിന്തുണയെ പ്രശംസിക്കുകയും ചെയ്തു.

ആയുര്‍വേദ ദിനമായ നവംബര്‍ 13 രാജ്യത്ത് ‘കൊവിഡ് 19 പ്രതിരോധത്തിന് ആയുര്‍വേദ’ എന്ന രീതിയിലാണ് ആഘോഷിക്കുകയെന്ന് മോഡി ഡോ.ടെഡ്രോസിനെ അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More