അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പുതിയ ഓർമക്കുറിപ്പിൽ ഇടം പിടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങും. ‘എ പ്രോമിസ് ലാൻഡ് (A Promised Land)’ എന്ന പുസ്തകത്തിലാണ് നിരവധി നേതാക്കൾക്കൊപ്പം രാഹുലിനെയും മന്‍മോഹന്‍സിങിനെയും കുറിച്ച് ഒബാമ പരാമർശിച്ചിരിക്കുന്നത്.
നിർവികാരനായ, എന്നാല്‍ സത്യസന്ധനായ വ്യക്തിയാണ് മൻമോഹൻ സിങ് എന്നാണ് തന്‍റെ പുസ്തകത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഒബാമയുടെ വിശേഷണം. അതേസമയം രാഹുല്‍ ഗാന്ധിയാകട്ടെ, യാതൊരു പരിഭ്രമമില്ലാത്ത ആളും, ഒരു വിഷയത്തോടും കൂടുതല്‍ അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണെന്നും ഉള്ള വിശേഷണമാണ് ഒബാമ നല്‍കുന്നത്. പാഠങ്ങളെല്ലാം കൃത്യമായി ചെയ്ത് അധ്യാപകന്‍റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, പക്ഷേ, വിഷയത്തോട് അഭിരുചിയോ, അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം.
ഒബാമ അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിങ്. രാഹുൽ ഗാന്ധി ആയിരുന്നു ആ സമയത്ത് കോൺഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍. 2009 ഡിസംബറിൽ ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ രാഹുലും ഒബാമയുടെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ൽ ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്നു ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ‘മൻ കി ബാത്തി’ലും പങ്കെടുത്തിരുന്നു.
ഒബാമയുടെ രാഷ്ട്രീയ– വ്യക്തിജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം. അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ, മുൻ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സർക്കോസി, മുൻ ചൈനീസ് പ്രസിഡന്‍റ് ഹ്യു ജിന്‍റാവോ തുടങ്ങിയ ലോകനേതാക്കളെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മാന്യനും സത്യസന്ധനും വിശ്വസ്തനുമായ വ്യക്തിയാണ് ബൈഡനെന്നാണ് ഒബാമ പറയുന്നത്. വൈറ്റ് ഹൗസിലെ എട്ടുവര്‍ഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകം വിവരിക്കുന്നുണ്ട്.
Comments are closed.