ഇറാഖില്‍ ത്രദിന സന്ദര്‍ശനത്തിനെതിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവായ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ നഗരമായ നജാഫില്‍ വെച്ചാണ് ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്. ആദ്യമായാണ് മുതിര്‍ന്ന ഷിയ നേതാവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാഖിലെ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനവുമാണിത്.
55 മിനുട്ട് സിസ്താനിയുമായി സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ കിഴക്കന്‍ ഇറാഖിലെ ഉര്‍ വിശുദ്ധ സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഇറാഖിലും മറ്റു രാജ്യങ്ങളിലെയും ഏറ്റവും പ്രമുഖ ഷിയ പ്രതിനിധിയാണ് സിസ്താനി. വളരെ അപൂര്‍വമായി മാത്രമേ സിസ്താനി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാറുള്ളൂ. നിലവിലെ ഇറാഖ് പ്രധാനമന്ത്രിയുമായി സിസ്താനി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഇറാഖ് സര്‍ക്കാര്‍ പ്രതിനിധികള്‍ മാര്‍പാപ്പയോടൊപ്പം ഉണ്ടാവില്ലെന്ന നിബന്ധനയിലാണ് മാര്‍പാപ്പയെ കാണാന്‍ സിസ്താനി സമ്മതം മൂളിയത്. നജാഫിലെ ഇദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പത്തുവര്‍ഷത്തോളമായി ഇദ്ദേഹം ഇവിടെയാണ് കഴിയുന്നത്. ഇറാഖിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരിമിതമായ പൊതുപരിപാടികളിലെ മാര്‍പാപ്പ പങ്കെടുക്കുന്നുള്ളൂ. ഉര്‍ നഗരത്തിലെ സന്ദര്‍ശനത്തിനു ശേഷം ഞായറാഴ്ച മാര്‍പാപ്പ മൊസൂളിലെത്തും. മൊസൂളിലെ ഐഎസ് ആക്രമണത്തില്‍ മരിച്ചവര്‍ക്കായി പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്. ശേഷം ഇര്‍ബിലില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പ ഇറാഖി ജനതയെ അഭിസംബോധന ചെയ്യും. 10000 ത്തോളം പേര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മാര്‍പ്പാപ്പയുടെ യാത്രയിലെ സുരക്ഷയ്ക്കായി 10000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
Comments are closed.